Thursday, October 11, 2012

ആദ്യ പെണ്ണ് കാണലിന്റെ അന്ത്യകൂദാശ ...


അങ്ങിനെ ആദ്യത്തെ പെണ്ണ് കാണലിന്റെ സുഖവും ... മുന്നില്‍ നിരത്തി വച്ച വിഭവങ്ങളുടെ സ്വാദും ഒക്കെ ആസ്വദിച്ചു ഇരിക്ക്മ്പോള്‍ ആണ് പെണ്ണിന്റെ മൂത്ത ചേച്ചിടെ കെട്ടിയോന്‍ കേറി വന്നത് ..

ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ അദ്ദേഹം പറഞ്ഞു തുടങ്ങി... അറിയാലോ ഇവിടുത്തെ കാര്യങ്ങളൊക്കെ ... പെണ്ണുങ്ങള് നാലാണ് ... ഇവളാണ്‌ അവസാനതെത് ....മിടുക്കിയാണ് ...നല്ല ജൊലിം ...


അദ്ദേഹം ഒരു നിമിഷം നിര്‍ത്തി പിന്നെ തുടര്‍ന്നു ... പറയുമ്പോ എല്ലാം പറയണല്ലോ...ഭാഗം അനുസരിച്ച് ഈ വീടും ഇതിരിക്കണ മൂന്നു ഏക്കറും അമ്മേം അവള്‍ക്കാ...നല്ല വില കിട്ടുന്ന ഭൂമിയാ ...ഞങ്ങള്‍ക്ക് താല്പര്യം ഇല്ലാഞ്ഞിട്ടല്ല ...പിന്നെ അവളല്ലേ എളയോള് .. അവള്‍ക് ആയിക്കോട്ടെ ന്നു വച്ചൂ...

സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല ... ഭൂമിടെ കാര്യം ഓക്കേ ... പക്ഷെ അവളുടെ അമ്മേം എന്റെ ഭാഗത്തില്‍ പെട്ടോ...പിന്നെ ഒരുപാടു ചിന്തിക്കാന്‍ എനിക്ക് മനസ്സ് വന്നില്ല ... തന്ന ചായക്ക് നന്ദി പറഞ്ഞു ഞങ്ങള്‍ അവിടുന്ന് ഇറങ്ങി...

ഒരു രസികന്‍ സ്റ്റേജ് ഷോയില്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു..പ്രായമായ അമ്മയെ വീടിലോട്ടു കൊണ്ടു വരുന്നതും കൂര്‍ക്കഞ്ചേരി തൈപ്പൂയത്തിനു അവസാനത്തെ പാട്ടിനു കാവടി എടുക്കുന്നതും ഒരുപോലെ ആണത്രേ....അതെന്താ അങ്ങിനെ എന്ന് ചോദിക്കുന്നതിനു മുന്‍പ് തന്നെ ഉത്തരവും അങ്ങോര്‍ തന്നെ പറഞ്ഞു ...

അറിയാതെ എങ്ങാനും സമ്മതിച്ചു പോയാല്‍ പെട്ടു....രണ്ടും പിന്നെ മാറ്റി എടുക്കാന്‍ അളുണ്ടാവില്യാ.... അത്രന്നെ...

Saturday, September 22, 2012

കണിയാന്‍ കനിയാത്ത കാലം

അറിയാതെ കണ്ണുകള്‍ ഉടക്കി പിരിഞ്ഞപ്പോള്‍
അതിലെന്നോ തുടങ്ങിയെന്‍ പ്രണയം ...
അറിയാതെ ചുണ്ടുകള്‍ അടുക്കാന്‍ കൊതിച്ചപ്പോള്‍
അതിലെങ്ങോ വളര്‍ന്നുവെന്‍ പ്രണയം...

ദിനമൊത്ത് വന്നു മുരടിപ്പ് നിന്നു
ഹൃദയത്തിന്‍ ചെപ്പു ഞാന്‍ അവള്‍ക്കായ് തുറന്നു
അവളൊന്നു കുണുങ്ങി മുഖമൊന്നു തിളങ്ങി

എന്‍ പ്രണയരാഗം അവളേറ്റു ചൊല്ലി

കാലങ്ങള്‍ പോയി കനവേറെയായി
സന്ദേശമോരുപാട് കുറിപ്പായി പോയി
അവളൊന്നു ശഠിച്ചു വീട്ടിലെക്കെന്നെ വിളിച്ചു
അനുരാഗമോര്‍ത്തു ഞാന്‍ അവിടേക്ക് കുതിച്ചു

അവരൊന്നു ചിരിച്ചു സമ്മതമറിയിച്ചു
എന്റെ ഗുണ സാമര്‍ത്ഥ്യം പാടി സ്തുതിച്ചു
അവളെന്നെ നോക്കി ഞാന്‍ കൈകള്‍ നീട്ടി
ഇരു പുഴകളോന്നായ്‌ ഒഴുകാന്‍ തുടിച്ചു

ഇറങ്ങാനായ് ഇറയത്ത്‌ ഇറങ്ങുന്ന നേരത്ത്
കുറിപ്പൊന്നു നീട്ടി മനമവര്‍ കാട്ടി
ജാതകം നോക്കണം പൊരുത്തങ്ങള്‍ ഒക്കണം
മേലെത്തെ കണിയാന്റെ സമ്മതം കിട്ടണം

കുണ്ഠലി തിരിഞ്ഞു കവടികള്‍ നിരന്നു...
പൊരുത്തങ്ങള്‍ ജോതിഷി നോക്കി പറഞ്ഞു
ഏഴിലെ ചൊവ്വയും നാലിലെ ശനിയും
ദശയിലെ സന്ധിയും നിരന്നങ്ങിനെ നിന്നു

കണിയാന്‍ ഗണിച്ചു കുലംകുത്തിപ്പല്ലി ചിലച്ചു
കൂട്ടിത്തൊടീച്ചാല്‍ മരണം വിധിച്ചു
അഞ്ഞൂറിന്‍ നോട്ടുകള്‍ ഞാന്‍ വീശി നോക്കി
കണിയാന്‍ ഹരിശ്ചന്ദ്രന്‍ മുഖത്തെന്നെ ആട്ടി

ആദ്യം ഞാന്‍ ഞെട്ടി പിന്നെ അണപൊട്ടി
തോരാത്ത മഴപോലെ മിഴികളിലതെത്തി
അവരെന്നെ തളര്‍ത്തി എന്‍ വാക്കുകള്‍ ഉടക്കി
മൊഴികളില്‍ മൌനം പൂമാല ചാര്‍ത്തി

ജാതിയുമുപജാതിയും നോക്കിയെടുത്തിട്ടും
അവിടെ ത്കര്‍ന്നെന്റെ പ്രണയം
ആവോളം ഉടയോനെ ഓര്‍ത്തു വിളിച്ചിട്ടും
മരിക്കത്തോരോര്‍മയായെന്‍ പ്രണയം.

Tuesday, September 18, 2012

കണ്ണേ മടങ്ങുക

കണ്ണേ മടങ്ങുക കരളേ മടങ്ങുക..
കാതമിനി താണ്ടുവനേറെയുണ്ട്
കാണാക്കയങ്ങളില്‍ പോഴിയാതിരിക്ക നീ..
കാലമിനി പോകുവാനേറെയുണ്ട്

നാം കനലേറൂവോര്‍ കതിരായ് തുടിക്കുവോര്‍..
കരതേടും യാത്രയില്‍ കിതപ്പെന്തിനു
തളരാതിരിക്ക നീ ഉയിരേ തുണക്ക നീ..

അമൃതേകും പൊയ്ക നിന്‍ മുന്നിലുണ്ട്

ഇരുളില്‍ നീ ഇടറാതെ ഇന്ന് കരയേറുകില്‍..
നേടുവാന്‍ കടലോളമെനിയുമുണ്ട്
മാറ്റമാണീ ഭൂവില്‍ മാറ്റമില്ലാത്തത്..
മാറുക...മാറ്റുക...മാറി...മുന്നേറുക

Wednesday, September 12, 2012

നാടങ്ങ്‌ എമെര്‍ജായി

ഞാന്‍ പണ്ട് ജിമ്മിനു പോയി ... നാലഞ്ച് നാളങ്ങു പോയി
കാറിലൊരു PM വന്നു ... പാറവു ജീപ്പിലും വന്നു ..
ബിരിയാണി കഴിഞ്ഞു ഓര് പോയി ... എന്റെ അരഞ്ഞാണോം പോയി ..

നാളിന്ന് എമെര്‍ജായി വന്നു ...എമെര്‍ജാവാന്‍ ഞാനും പോയി ..
താടിയുള്ളപ്പൂപ്പന്‍ വന്നു ...മുടി ചീകാന്‍ മറന്നോരും വന്നു ..
ഭാഗം പങ്കിട്ടവര്‍ പോയി ...എന്റെ വാലിട്ട കോണകോം പോയി

നാടങ്ങ്‌ എമെര്‍ജായി പോയി ..ഞാന്‍ പാവം ന്യൂഡായി പോയി .

Tuesday, August 28, 2012

ക്ഷണികം...ക്ഷണനം ...

 തികച്ചും ആകസ്മികമായാണ് ഞാന്‍ അവളെ കണ്ണ്ടത് ....
 അവള്‍ സുന്ദരിയായിരുന്നു....
 അവള്‍ എനിക്ക് പരിചിതയായിരുന്നില്ല...
 എന്നിട്ടും അവള്‍ എന്നോട് ചിരിച്ചു.....
 ചിന്നി ചിതറുന്ന മഴ തുള്ളികളിലൂടെ അവള്‍ എന്നിലേക്ക്‌ ഓടിയടുത്തു ..... ഞാന്‍ പിടിച്ചിരുന്ന കുടക്കീഴിലേക്ക്‌ അവള്‍ കയറി നിന്നു...... മഴത്തുള്ളികളില്‍ നിന്നു രക്ഷപ്പെടാനോ എന്തിനോ  അവള്‍ എന്നോട് ചേര്‍ന്ന് ഒട്ടി  നിന്നു.... എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.....അവളുടെ ദേഹത്തെ വര്‍ണ്ണതുള്ളികള്‍ എന്നെ നനച്ചു തുടങ്ങി ... അവള്‍ എന്നിലേക്ക്‌ ആഴ്ന്നിരങ്ങുന്നത് ഞാന്‍ അറിഞ്ഞു .... വജ്ര ചീളി പോലെ, പൊടുന്നനെ ഒരു ഒരു കൊള്ളിയാന്‍ എനിക്ക്  മുന്നില്‍ മിന്നിയിറങ്ങി.... എന്റെ കയ്യിലുള്ള കാലന്‍ കുടയ്ക്ക് ആ കൊള്ളിയനില്‍ നിന്നും എന്നെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല..... തളര്‍ന്നു പോയ എന്നെ അവള്‍ എടുതുയരുന്നത്  ഞാന്‍ അറിഞ്ഞു.... താഴെ  ഞങ്ങള്‍ക്കടിയില്‍ ആളുകള്‍ തടിച്ചു കൂടുന്നതും നിലവിളികള്‍ ഉയരുന്നതും ഞാന്‍ അറിഞ്ഞു .... മരണത്തിനും ഒരു സുന്ദരിയുടെ മുഖമാണെന്ന് ഞാന്‍ തിരിച്ചറിയുന്നതിനു മുന്‍പേ, അവളെന്നെയും കൊണ്ടു പറന്നുയര്‍ന്നു.

Friday, April 23, 2010

ഭൂമിക്കൊരു പ്രണയഗീതം

സര്‍വ്വംസഹയായ ഭൂമിയാമമ്മേ ,
നിന്നോടെനിക്കൊരു പ്രേമം…
അമ്മയായ് കാണേണ്ട നിന്നെ പ്രേമിച്ചതെന്‍ -
കര്‍മ്മദോഷം മൂലമാകാം , അല്ലെങ്കിലെന്‍ -
മുജ്ജന്മ പാപഫലമാകാം …
ഉമിത്തീ പോലെയെന്‍ മനസ്സില്‍ നീറുന്നൊരാ -
പ്രേമഭാരം ഞാന്‍ ഓതട്ടേ മാതേ ,
മാരിവാരിയെറിയുമൊരത്ഭുത സന്ധ്യയില്‍ -
കണ്ടു ഞാന്‍ ആദ്യമായി നിന്‍ മുഖം എന്‍പ്രിയേ
അന്നെനിക്കില്ല നിന്നോടനുരാഗം…
പിന്നെ ഞാനറിയാതെ വന്നൊരാരാഗം
മാരിവില്‍ നിറമാര്‍ന്ന വിണ്ണിനു കീഴെ
എന്‍ മുന്നിലൂടെ നീ പാറിക്കളിക്കവേ ,
ചഞ്ചലമായോരെന്‍ മാനസലീലയില്‍
നീ വന്നു രാഗകണങ്ങള്‍ വിരിയിച്ചു…
രാഗത്തിനന്ത്യം ദുഖത്തിലെന്നു -
രാവേറെ ചിന്തിച്ചുറച്ചത് കൊണ്ടോ -
സൂര്യ , ചന്ദ്ര താരഗണങ്ങളെ വിട്ടിട്ട് ,
നീയെന്നെ സ്നേഹിക്കില്ലെന്നുറച്ചിട്ടോ -
നിനക്കായ്‌ ഞാന്‍ നെയ്തൊരാ രാഗകാവ്യം
എന്‍ മനസ്സില്‍ ഞാന്‍ കാത്തു സൂക്ഷിച്ചു…
ഒടുവില്‍ ഞാനാ പ്രേമതാളത്തിനടിമയായ്
നിന്നെ സമീപിച്ച കര്‍ക്കിടകരാത്രിയില്‍-
മിന്നലും കാറ്റുമകമ്പടി സേവിച്ച നിന്‍-
രൌദ്രഭാവം കണ്ടു ഞാന്‍ തോറ്റു നില്‍ക്കുമ്പോഴും-
എന്നുള്ളിലൂറുന്ന ദുഖത്തിനുറവിടം എന്തെ -
ന്നറിയാതെ ഞാന്‍ നൊന്തു നില്‍ക്കുമ്പോഴും
ചങ്ങാതിയാണെന്നുറച്ചു ഞാന്‍ സ്നേഹിച്ച
എന്‍ സോദരിയോടുപമിച്ചു ലാളിച്ച
കളിക്കൂട്ടുകാരി നോക്കി ചിരിക്കുമ്പോഴും
സത്യം പറയുവാനെന്നെ പഠിപ്പിച്ച -
മാതാ പിതാ ഗുരുക്കന്മാരെല്ലാം
സത്യമറിയാതെന്നെ ക്രൂശിചിടുമ്പോഴും
നാട്ടിലെ സോദരര്‍ നോക്കി നോവിക്കുമ്പോഴും -
എന്‍ മനസ്സില്‍ നീ പുളകങ്ങള്‍ വിരിയിച്ചു…
അന്ന് തൊട്ടുള്ളോരെന്‍ വനവാസകാലത്ത്
ഈ ലോകമെന്‍റെ ഹൃദയം കറുപ്പിച്ചു …
നിന്നെക്കുറിച്ചുള്ള എന്‍റെ പ്രതീക്ഷകള്‍
കള്ളക്കഥകളാല്‍ തകര്‍ക്കപ്പെടുമ്പോഴും -
ഈ പ്രേമലീലയായ് ഗതിതെറ്റി നില്‍ക്കുമെന്‍
ജീവിതമെന്നെ തുറിച്ചു നോക്കുമ്പോഴും
ജീവിതമെന്തെന്നറിയാതെയെങ്കിലും
നിന്നെ ഞാന്‍ എന്നുള്ളില്‍ സ്നേഹത്താല്‍ ബന്ധിച്ചു…
ഭൂമികെ,എനിക്കറിയീല നിന്‍ മാനസം …
നിന്നുടെ മോഹവും ഇന്നെനിക്കറികീല
നിന്നെ പ്രേമിച്ചതെന്‍ സ്വാര്‍ത്ഥതയാകാം
അല്ലെങ്കിലെന്‍ രാഗസങ്കല്പ്പമാകാം
നിന്നെക്കുറിച്ചുള്ള എന്നിലെ രാഗം
മിഥ്യയല്ലെന്നു നീ അറിയുക എന്‍ പ്രിയേ
നീയില്ലാതെനിക്കില്ലിനിയൊരുനാളും
എന്‍ ജീവനെ ഞാന്‍ നിനക്കായ്‌ സമര്‍പ്പൂ..
കാണാം നിനക്കിതിനെയായെന്‍ പ്രായശ്ചിത്തം
അല്ലെങ്കിലായെന്‍ പ്രണയോപഹാരം….

Sunday, February 21, 2010

നൊമ്പരത്തി പൂവ്

ഇന്നെന്റെ കൂടെ നീയില്ല, ഹൃദയത്തില്‍...
പ്രണയ തുടിപ്പോട്ടുമില്ല
മോഹങ്ങളില്ല, പൂവിളികളില്ല...
മേഘ സന്ദേശങ്ങളില്ല

എന്‍ സ്വപ്ന ഗഗനത്തില്‍ താരങ്ങളില്ല...
ആശതന്‍ പൂര്‍ണേന്ദുവില്ല
രാഗങ്ങളില്ല, താളങ്ങളില്ല ....
അനുരാഗ നാട്യങ്ങളില്ല.

പ്രണയതിനന്ത്യം വിരഹത്തിലെങ്കില്‍ നാം ...
പ്രണയിച്ച്ചതെന്തിനെന്‍ കൂട്ടുകാരി
കഴിയുന്നു, പൊഴിയാതെ ദിവസങ്ങളെണ്ണി നാം....
മഴ കാത്തു കേഴും വേഴാമ്പല്‍ പോലെ

നിറയുന്നു നിനവായി, എരിയുന്ന കനലായി....
എന്‍ മനമാകെ നിന്‍ മൃദു നൊമ്പരം
അറിയാതെ പറയാതെ നാം കൈമാറിയ....
മൌന സംഗീതത്തിന്‍ മലര്‍മോട്ടുകള്‍

ചെറു കാറ്റിലുലയുന്ന മുകുളങ്ങളെപ്പോലെ, മറു ചോദ്യശരങ്ങളില്‍
നാം അകലുവാരുന്ടെങ്കിലും...ഓര്‍ത്ത്തില്ലോരിക്കലും
എന്‍ പ്രണയത്തിനിടയില്‍ ഞാന്‍, ഒരു നാള്‍
സൂര്യനായ് ഞാനുദിച്ചീടുമ്പോള്‍...നീലാംബലായ് നീ മാറുമെന്ന്‌