Friday, April 23, 2010

ഭൂമിക്കൊരു പ്രണയഗീതം

സര്‍വ്വംസഹയായ ഭൂമിയാമമ്മേ ,
നിന്നോടെനിക്കൊരു പ്രേമം…
അമ്മയായ് കാണേണ്ട നിന്നെ പ്രേമിച്ചതെന്‍ -
കര്‍മ്മദോഷം മൂലമാകാം , അല്ലെങ്കിലെന്‍ -
മുജ്ജന്മ പാപഫലമാകാം …
ഉമിത്തീ പോലെയെന്‍ മനസ്സില്‍ നീറുന്നൊരാ -
പ്രേമഭാരം ഞാന്‍ ഓതട്ടേ മാതേ ,
മാരിവാരിയെറിയുമൊരത്ഭുത സന്ധ്യയില്‍ -
കണ്ടു ഞാന്‍ ആദ്യമായി നിന്‍ മുഖം എന്‍പ്രിയേ
അന്നെനിക്കില്ല നിന്നോടനുരാഗം…
പിന്നെ ഞാനറിയാതെ വന്നൊരാരാഗം
മാരിവില്‍ നിറമാര്‍ന്ന വിണ്ണിനു കീഴെ
എന്‍ മുന്നിലൂടെ നീ പാറിക്കളിക്കവേ ,
ചഞ്ചലമായോരെന്‍ മാനസലീലയില്‍
നീ വന്നു രാഗകണങ്ങള്‍ വിരിയിച്ചു…
രാഗത്തിനന്ത്യം ദുഖത്തിലെന്നു -
രാവേറെ ചിന്തിച്ചുറച്ചത് കൊണ്ടോ -
സൂര്യ , ചന്ദ്ര താരഗണങ്ങളെ വിട്ടിട്ട് ,
നീയെന്നെ സ്നേഹിക്കില്ലെന്നുറച്ചിട്ടോ -
നിനക്കായ്‌ ഞാന്‍ നെയ്തൊരാ രാഗകാവ്യം
എന്‍ മനസ്സില്‍ ഞാന്‍ കാത്തു സൂക്ഷിച്ചു…
ഒടുവില്‍ ഞാനാ പ്രേമതാളത്തിനടിമയായ്
നിന്നെ സമീപിച്ച കര്‍ക്കിടകരാത്രിയില്‍-
മിന്നലും കാറ്റുമകമ്പടി സേവിച്ച നിന്‍-
രൌദ്രഭാവം കണ്ടു ഞാന്‍ തോറ്റു നില്‍ക്കുമ്പോഴും-
എന്നുള്ളിലൂറുന്ന ദുഖത്തിനുറവിടം എന്തെ -
ന്നറിയാതെ ഞാന്‍ നൊന്തു നില്‍ക്കുമ്പോഴും
ചങ്ങാതിയാണെന്നുറച്ചു ഞാന്‍ സ്നേഹിച്ച
എന്‍ സോദരിയോടുപമിച്ചു ലാളിച്ച
കളിക്കൂട്ടുകാരി നോക്കി ചിരിക്കുമ്പോഴും
സത്യം പറയുവാനെന്നെ പഠിപ്പിച്ച -
മാതാ പിതാ ഗുരുക്കന്മാരെല്ലാം
സത്യമറിയാതെന്നെ ക്രൂശിചിടുമ്പോഴും
നാട്ടിലെ സോദരര്‍ നോക്കി നോവിക്കുമ്പോഴും -
എന്‍ മനസ്സില്‍ നീ പുളകങ്ങള്‍ വിരിയിച്ചു…
അന്ന് തൊട്ടുള്ളോരെന്‍ വനവാസകാലത്ത്
ഈ ലോകമെന്‍റെ ഹൃദയം കറുപ്പിച്ചു …
നിന്നെക്കുറിച്ചുള്ള എന്‍റെ പ്രതീക്ഷകള്‍
കള്ളക്കഥകളാല്‍ തകര്‍ക്കപ്പെടുമ്പോഴും -
ഈ പ്രേമലീലയായ് ഗതിതെറ്റി നില്‍ക്കുമെന്‍
ജീവിതമെന്നെ തുറിച്ചു നോക്കുമ്പോഴും
ജീവിതമെന്തെന്നറിയാതെയെങ്കിലും
നിന്നെ ഞാന്‍ എന്നുള്ളില്‍ സ്നേഹത്താല്‍ ബന്ധിച്ചു…
ഭൂമികെ,എനിക്കറിയീല നിന്‍ മാനസം …
നിന്നുടെ മോഹവും ഇന്നെനിക്കറികീല
നിന്നെ പ്രേമിച്ചതെന്‍ സ്വാര്‍ത്ഥതയാകാം
അല്ലെങ്കിലെന്‍ രാഗസങ്കല്പ്പമാകാം
നിന്നെക്കുറിച്ചുള്ള എന്നിലെ രാഗം
മിഥ്യയല്ലെന്നു നീ അറിയുക എന്‍ പ്രിയേ
നീയില്ലാതെനിക്കില്ലിനിയൊരുനാളും
എന്‍ ജീവനെ ഞാന്‍ നിനക്കായ്‌ സമര്‍പ്പൂ..
കാണാം നിനക്കിതിനെയായെന്‍ പ്രായശ്ചിത്തം
അല്ലെങ്കിലായെന്‍ പ്രണയോപഹാരം….

1 comment: